നവംബര്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുമെന്ന് സൂചന

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നു. നവംബര്‍ 1ന് സ്‌കൂളുകള്‍ തുറക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമായെന്നാണ് വിവരം. പ്രഖ്യാപനം പിന്നീടുണ്ടാകും. ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നത്.
ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടതെന്ന കാര്യം പിന്നീട് തീരുമാനിക്കും. പ്രൈമറി ക്ലാസുകള്‍ ഉടന്‍ ആരംഭിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. 9-ാം ക്ലാസ് മുതല്‍ ആരംഭിക്കാനാണ് സാധ്യത. സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. കോവിഡ് വ്യാപനം കുറയുന്നതിന്റെയും വാക്‌സിനേഷന്‍ 82 ശതമാനം പൂര്‍ത്തിയാക്കിയതിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം.
ഒക്ടോബര്‍ നാലിന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനമായിരുന്നു. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തിരിക്കണമെന്നതുള്‍പ്പെടെ കര്‍ശനമായ നിബന്ധനകള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.