സ്‌കൂളുകളില്‍ ശനിയാഴ്ചയും പ്രവൃത്തിദിവസം, ഉച്ചഭക്ഷണം നല്‍കും; വിദ്യാഭ്യാസമന്ത്രി

 | 
Sivankutty-V
സ്‌കൂളുകളില്‍ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളുകളില്‍ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിലെ ചോദ്യത്തിന് മറുപടിയായാണ് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ മന്ത്രി നല്‍കിയത്. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കിയെന്നും അത് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ഇന്ന് അത് പുറത്തിറക്കും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനായി എല്ലാ സ്‌കൂളുകളിലും സംവിധാനം ഉണ്ടാക്കും. സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം. അതത് സ്‌കൂളുകളിലെ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ക്ലാസ് ഉണ്ടായിരിക്കുക.

എല്‍പി സ്‌കൂളില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന തോതില്‍ വിദ്യാര്‍ത്ഥികളെ ഇരുത്തും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കും. സ്‌കൂളുകള്‍ തുറക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലെ ക്ലാസുകള്‍ തൊട്ടടുത്തുള്ള മറ്റൊരു സ്‌കൂളില്‍ നടത്താനും ആലോചനയുണ്ട്.

സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് പിടിഎയുടെയും നാട്ടുകാരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി നിരക്കിളവ് നല്‍കാന്‍ തയ്യാറായിട്ടുണ്ട്. സ്വകാര്യ ബസുകളുമായി ചര്‍ച്ച നടത്തും. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.