കെ.എസ്.ഷാനെ കൊലപ്പെടുത്തിയതിന് പിന്നില്‍ വത്സന്‍ തില്ലങ്കേരിയെന്ന് എസ്ഡിപിഐ

 | 
K S Shan

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്റെ കൊലയ്ക്ക് പിന്നിലെന്ന് ആരോപിച്ച് എസ്ഡിപിഐ. ശനിയാഴ്ച ആലപ്പുഴയിലെത്തിയ വത്സന്‍ തില്ലങ്കേരി കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് എസ്ഡിപിഐ നേതാവ് പി.കെ.ഉസ്മാന്‍ ആരോപിച്ചു. ശനിയാഴ്ച രാത്രിയാണ് ഷാന്‍ കൊലചെയ്യപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ നേരത്തേ ആരോപിച്ചിരുന്നു. സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതേസമയം ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിക്കുന്നു. കൊല നടത്തിയത് പോപ്പുലര്‍ ഫ്രണ്ടുകാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കൊലപാതകം സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണെന്ന ആരോപണവും സുരേന്ദ്രന്‍ ഉന്നയിച്ചു.

കൊലയോടനുബന്ധിച്ച് 11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ ആയിട്ടുണ്ട്. ഒരു ആംബുലന്‍സും പോലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പറഞ്ഞു.