കേരളം, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യത
കേരളം, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഇന്ന് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 2.1 മീറ്റർ വരെയാണ് തിരമാല ഉയരുക. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 2.6 മീറ്റർ വരെ തിരമാല ഉയരും. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ, അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ പ്രത്യേക മഴ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടില്ല. എട്ട്, ഒമ്പത് തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.