നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

 | 
bus

അടുത്ത മാസം ഒന്നാം തിയതി മുതല്‍ കേരളത്തില്‍ ഓടുന്ന ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. ഡ്രൈവര്‍ക്കും മുന്‍സീറ്റ് യാത്രക്കാര്‍ക്കുമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഉള്‍പ്പെടെ ഇത് ബാധകമാക്കും. 

ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നേരത്തെ തന്നെ വന്നതാണ്. നടപ്പാക്കുന്നതിന് കുറച്ച് സാവകാശം നല്‍കാമെന്നായിരുന്നു നിലപാടെന്നും മന്ത്രി വ്യക്തമാക്കി. സെപ്റ്റംബര്‍ മാസം എം.പിമാരുടെയും എം.എല്‍.എമാരുടെയും വാഹനങ്ങള്‍ നിയമലംഘനം നടത്തിയത് 56 തവണയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

102 കോടി രൂപയുടെ ചെലാനാണ് ഇതുവരെ തയ്യാറാക്കിയിട്ടുള്ളത്. ജൂണ്‍ മുതലുള്ള കണക്കാണിത്. ഇതില്‍ 14.88 കോടി പിഴയായി പിരിഞ്ഞുകിട്ടി. നിയമലംഘനം നടത്തിയതായി ക്യാമറയില്‍ പതിഞ്ഞ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ചെലാന്‍ അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.