മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ് അന്തരിച്ചു

കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ് അന്തരിച്ചു. കൊച്ചി, കെ.പി.വള്ളോന്‍ റോഡിലെ വസതിയില്‍ 3.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് സെക്രട്ടറി ജനറല്‍ ആയിരുന്ന അദ്ദേഹം രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. അധ്യാപകന്‍, നോവലിസ്റ്റ് എന്നീ നിലകളിലും പ്രസിദ്ധനാണ്.
1961ല്‍ കേരളപ്രകാശം എന്ന പത്രത്തിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്ത് എത്തിയത്. പിന്നീട് ദേശബന്ധു, കേരളഭൂഷണം, ഇക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിലും യുഎന്‍ഐ വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു. മംഗളം പത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ സ്ഥാനത്തിരിക്കെയാണ് സജീവ മാധ്യമപ്രവര്‍ത്തന രംഗത്തു നിന്ന് വിരമിച്ചത്. മംഗളം വാരികയിലെ ഇരുളും വെളിച്ചവും എന്ന പംക്തി 30 വര്‍ഷത്തിലേറെയായി കൈകാര്യം ചെയ്തു വരികയായിരുന്നു.
ഇരുളും വെളിച്ചവും പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു. കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന്‍ ആണ് മറ്റൊരു പുസ്തകം. സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം, ശിവറാം അവാര്‍ഡ്, മുട്ടത്തു വര്‍ക്കി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.