ഇ ബുള്‍ ജെറ്റിന് തിരിച്ചടി; വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

വാഹനത്തിന് രൂപമാറ്റം വരുത്തിയതില്‍ വകുപ്പ് വിശദീകരണം ചോദിച്ചിരുന്നു
 | 
Bull Jet
ഇ ബുള്‍ ജെറ്റിന്റെ വാഹനം, നെപ്പോളിയന്‍ എന്ന കാരവാന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി

ഇ ബുള്‍ ജെറ്റിന്റെ വാഹനം, നെപ്പോളിയന്‍ എന്ന കാരവാന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. വാഹനത്തിന് രൂപമാറ്റം വരുത്തിയതില്‍ വകുപ്പ് വിശദീകരണം ചോദിച്ചിരുന്നു. ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരായ എബിനും ലിബിനും നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് നടപടി. 

ആറു മാസത്തേക്കാണ് നിലവില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. ആറു മാസത്തിനുള്ളില്‍ വാഹനം യഥാര്‍ത്ഥ രൂപത്തിലേക്ക് മാറ്റി ഹാജരാക്കണമെന്ന് എംവിഡി അധികൃതര്‍ അറിയിച്ചു. അതിന് സാധിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും റദ്ദാക്കും. വാഹനത്തില്‍ നിയമപ്രകാരമുള്ള മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളെന്നും ഇതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ നിലപാട്. 

ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് ഇ ബുള്‍ ജെറ്റ് വ്ളോഗര്‍ സഹോദരന്‍മാര്‍ കണ്ണൂര്‍ ആര്‍.ടി. ഓഫീസിലെത്തി സംഘര്‍ഷം സൃഷ്ടിച്ചത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും ഇവര്‍ക്ക് ചുമത്തി. 

ഓഫീസില്‍ എത്തി പ്രശ്നമുണ്ടാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉള്‍പ്പെടെ ഒമ്പതോളം വകുപ്പുകള്‍ ചുമത്തി വ്ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ ആംബുലന്‍സിന്റെ സൈറണ്‍ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.