വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; ചിത്രദുർഗ മുൻമഠാധിപതി വീണ്ടും അറസ്റ്റിൽ, വിട്ടയക്കാൻ കോടതി ഉത്തരവ്

 | 
cg

വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചിത്രദുർഗ മുരുഗ മുൻമഠാധിപതി ശിവമൂർത്തി മുരുഗശരണരുവിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ജാമ്യം നിലനിൽക്കേ വീണ്ടും അറസ്റ്റ് ചെയ്ത നടപടിയെ കർണാടക ഹൈക്കോടതി വിമർശിക്കുകയും വിട്ടയക്കാൻ ഉത്തരവിടുകയും ചെയ്തു. അറസ്റ്റിനെതിരേ ശിവമൂർത്തിയുടെ അഭിഭാഷകനാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജാമ്യം നിലനിൽക്കേ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ചിത്രദുർഗ സെഷൻസ് കോടതിയുടെ നടപടിയെ വിമർശിച്ചാണ് ശിവമൂർത്തിയെ ഉടൻ വിട്ടയക്കാൻ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഉത്തരവിട്ടത്.

14 മാസം ജയിലിൽ കഴിഞ്ഞശേഷം കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതിയിൽനിന്ന് ശിവമൂർത്തി ജാമ്യംനേടി പുറത്തിറങ്ങിയിരുന്നു.ജയിലിൽനിന്നിറങ്ങിയശേഷം നാലുദിവസമായി ദാവണഗെരെയിലെ വിരക്തമഠത്തിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും അറസ്റ്റ്.

മഠത്തിലെ രണ്ടു വിദ്യാർഥിനികൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ശിവമൂർത്തി അറസ്റ്റിലായത്. പിന്നീട് മഠത്തിലെ മറ്റു രണ്ടു വിദ്യാർഥിനികൾ നൽകിയ പരാതിയിൽ പോക്സോ ചുമത്തി രണ്ടാമത്തെ കേസ് രജിസ്റ്റർചെയ്യുകയായിരുന്നു.