നാണം കെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ ഇറങ്ങിപ്പോകണം; ഷിജു ഖാന്‍ രാജിവെക്കണമെന്ന് ബെന്യാമിന്‍

 | 
Benyamin

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍. ഇനിയും നാണം കെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജി വച്ച് ഇറങ്ങി പോകണം മിസ്റ്റര്‍ ഷിജു ഖാന്‍ എന്ന് ബെന്യാമിന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിയ്ക്കും വീഴ്ച സംഭവിച്ചതായി വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി.അനുപമയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണത്തില്‍ വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ്.

അനുപമയും അജിത്തും കുട്ടിയുടെ അവകാശമുന്നയിച്ച് എത്തിയിട്ടും സ്ഥിരം ദത്ത് തടയാനുള്ള നടപടി സ്വീകരിച്ചില്ല. കുട്ടി തന്റേതാണെന്നും തിരികെ നല്‍കണമെന്നും അനുപമ ആവശ്യപ്പെട്ടിട്ടും സിഡബ്ല്യുസിയും ശിശുക്ഷേമ സമിതിയും ആവശ്യമായ നടപടിയെടുത്തില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അനുപമയുടെ പരാതി ലഭിച്ചിട്ടും സ്ഥിരം ദത്ത് നല്‍കാനുള്ള നടപടികളുമായി സിഡബ്ല്യുസി മുന്നോട്ടു പോയെന്നാണ് കണ്ടെത്തല്‍.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അനുപമയും അജിത്തും പല തവണ നേരിട്ടു കാണുകയും കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിനെ തിരികെയെത്തിക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, സ്ഥിരം ദത്തിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.