ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ
കോൺഗ്രസിലെ വനിത നേതാക്കളിൽ പ്രധാന മുഖമായ ഷാനിമോൾ ഉസ്മാൻ ഇനി കേരളത്തിന്റെ ഡെപ്യൂട്ടി സ്പീക്കർ. തെരഞ്ഞെടുപ്പുകളിലെ ആവർത്തിച്ചുള്ള പരാജയങ്ങൾക്ക് ശേഷം ഉയിർത്തെഴുന്നേറ്റ ഷാനിമോൾ ഉസ്മാൻ കരുത്തിന്റെ പ്രതീകമായി മാറിയ കാഴ്ചക്കാണ് കേരളം സാക്ഷിയാകുന്നത്.
കെ.ഒ. ഐഷാബായി, നഫീസത്ത് ബീവി, ഭാര്‍ഗവി തങ്കപ്പന്‍ എന്നിവർക്ക് ശേഷം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെത്തുന്ന വനിതയാണ് ഷാനിമോൾ ഉസ്മാൻ. 35 വർഷത്തിന് ശേഷമാണ് കേരളത്തിന് വനിത ഡെപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്. വി.ഡി. സതീശൻ മന്ത്രിസഭയിൽ ആലപ്പുഴക്കാരി കേരളത്തിന്‍റെ വനിത ഡെപ്യൂട്ടി സ്പീക്കറാകുമ്പോൾ പുതിയ മാറ്റങ്ങൾക്ക് കൂടിയുള്ള തുടക്കമാകും. കേരളത്തിൽ നിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യ വനിതയാണ് ഷാനിമോൾ ഉസ്മാൻ.
അരൂരിൽ ദലീമ ജോജോയെ പരാജയപ്പെടുത്തിയാണ് ഷാനിമോൾ ഉസ്മാൻ നിയമസഭയിലെത്തിയത്. വി.എസ്. അച്യുതാനന്ദന്‍റെ നാടായ പുന്നപ്രയിൽ സി.പി.എം സ്ഥാനാർഥിയെ തോൽപിച്ച് ജില്ല പഞ്ചായത്തിലേക്ക് വിജയിച്ചതാണ് അട്ടമറിയുടെ തുടക്കം. പരാജയത്തിന്റെ പിന്നിലെ ചരടുവലികളും വിജയത്തിന് പിന്നിലെ കരുനീക്കവും നന്നായി തിരിച്ചറിഞ്ഞ നേതാവ്. മഹിള കോൺഗ്രസ് അധ്യക്ഷ പദത്തിലിരിക്കുമ്പോൾ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. 2006ൽ പെരുമ്പാവൂരിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ൽ ഒറ്റപ്പാലത്തും ജയം കണ്ടില്ല. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 19 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയം കൈപ്പിടിയിലൊതുക്കിയപ്പോൾ ഷാനിമോൾ മാത്രം ആലപ്പുഴയിൽ തോറ്റു. എന്നാൽ, 2019ൽ അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ജയിച്ചുകയറി. 2021ൽ വീണ്ടും അരൂരിൽ മത്സരിച്ചെങ്കിലും ദലീമയോട് തോറ്റു.
