കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാനില്ല, ഹൈകമാൻഡിനെ അറിയിച്ച് ശശി തരൂർ
കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി മോഹിയല്ല താനെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ച് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ശശി തരൂർ തന്‍റെ നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന മറ്റ് നേതാക്കള്‍ക്കും ആശ്വാസമായിരിക്കുകയാണ് തരൂരിന്‍റെ തീരുമാനം.
ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ ശശി തരൂർ മുഖ്യമന്ത്രി സ്ഥാനത്തായി മത്സരിക്കാന്‍ താനില്ലെന്ന് തരൂര്‍ വ്യക്തമാക്കുകയായിരുന്നു. തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എത്തുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരള രാഷ്ട്രീയത്തില്‍ സജീവമാവാന്‍ നേതാക്കള്‍ തരൂരിനോട് ആവശ്യപ്പെട്ടതായും ഇതിനോട് തരൂർ അനുകൂലമായി പ്രതികരിച്ചെന്നുമാണ് റിപ്പോർട്ട്.
ഇതനുസരിച്ച് വയനാട്ടിൽ നടന്ന 'ലക്ഷ്യ 2026' നേതൃത്വ ക്യാമ്പിൽ തരൂർ സജീവമായി തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നു. തന്‍റെ പ്രസ്താവനകൾ പൂർണമായി മനസിലാക്കുന്നതിന് മുൻപ് മറ്റ് നേതാക്കൾ എടുത്തുചാടി പ്രതികരിക്കരുതെന്ന് തരൂർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കേരളത്തിലെ നേതാക്കളെ അറിയിക്കുകയും തരൂരിനെ പ്രകോപിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
വയനാട്ടിൽ വെച്ച് നടന്ന 'ലക്ഷ്യ 2026' ക്യാമ്പിൽ ശശി തരൂരിനെ നല്ല രീതിയിൽ പരിഗണിക്കാനും അദ്ദേഹത്തിന്‍റെ കൂടി അഭിപ്രായങ്ങൾ കൂടി മുഖവിലക്കെടുത്ത് പ്രവർത്തിക്കാനും നേതാക്കളും ശ്രദ്ധ പുലർത്തിയിരുന്നു.
തരൂർ സജീവമാകുന്നത് യു.ഡി.എഫിന് മുതൽക്കൂട്ടാകുമെന്ന് തന്നെയാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. നഗരപ്രദേശങ്ങളിലെയും അഭ്യസ്തവിദ്യരുടേയും ഇടയിലുള്ള തരൂരിന്‍റെ സ്വാധീനം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. തരൂരിന്റെ വരവ് ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നും ചിലർ കരുതുന്നുണ്ട്.

