കക്കി-ആനത്തോട്, ഷോളയാര്‍ ഡാമുകള്‍ തുറന്നു; തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

 | 
Dam

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കക്കി-ആനത്തോട് അണക്കെട്ടും ഷോളയാര്‍ ഡാമും തുറന്നു. കക്കിയില്‍ രണ്ട് ഷട്ടറുകള്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയിരിക്കുകയാണ്. പമ്പയിലും കക്കാട്ടാറിലും ജലനിരപ്പ് ഒന്നരയടിയോളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. റാന്നിയില്‍ 5 മണിക്കൂറിനുള്ളിലും കോഴഞ്ചേരിയില്‍ 11 മണിക്കൂറിനുള്ളിലും ചെങ്ങന്നൂരില്‍ 15 മണിക്കൂറിനുള്ളിലും വെള്ളമെത്തുമെന്നാണ് കരുതുന്നത്.

ചൊവ്വാഴ്ച രാവിലെയോടെ കുട്ടനാട്ടില്‍ വെള്ളമെത്തും. ഷോളയാര്‍ അണക്കെട്ടും തുറന്നതിനാല്‍ ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയരും. വൈകുന്നേരം 4 മണിയോടെ ചാലക്കുടിയില്‍ വെള്ളമെത്തുമെന്നാണ് കരുതുന്നത്. തെക്കന്‍ ജില്ലകളിലെ മലയോര മേഖലയില്‍ മഴ ശമിച്ചിട്ടില്ല. ഡാമുകള്‍ തുറക്കുന്നതും മഴക്കെടുതികളും വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുകയാണ്.

മന്ത്രിമാരും ദുരന്തനിവാരണ അതോറിറ്റിയും ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. നിലവില്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ഡാം തുറക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും.