മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നു; വള്ളക്കടവില്‍ പ്രതിഷേധം

 | 
Mullaperiyar

മുലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതായി ആരോപണം. അണക്കെട്ടിന്റെ പത്ത് ഷട്ടറുകളാണ് പുലര്‍ച്ചെ തുറന്നത്. ഇതോടെ കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം എന്നിവിടങ്ങളില്‍ പത്തു വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകളുടെ മുറ്റത്ത് വെള്ളം എത്തി. ഷട്ടര്‍ തുറക്കുന്നത് മുന്‍കൂട്ടി അറിയിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഈ സീസണില്‍ ഇത്രയും വെള്ളം ആദ്യമായാണ് തുറന്നു വിടുന്നത്. പ്രതിഷേധത്തിന് പിന്നാലെ ഷട്ടറുകളില്‍ എട്ടെണ്ണം അടച്ചെങ്കിലും രാവിലെ 10 മണി മുതല്‍ മൂന്ന് ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട് അറിയിച്ചത് അനുസരിച്ച് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫെയിസ്ബുക്ക് പേജില്‍ 10 മണിയോടെയാണ് മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടത്.

സംഭവത്തില്‍ സിപിഎം വള്ളക്കടവില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നതില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധവും നടന്നു.