SIR; തീരുമാനങ്ങൾ ഏകപക്ഷീയമെങ്കിൽ റദ്ദാക്കപ്പെടുമെന്ന് സുപ്രീംകോടതി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എടുത്ത ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് എതിരായ ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തീരുമാനങ്ങൾ എടുത്തത് നിയമപരം ആയിരുന്നില്ലെങ്കിൽ അവ റദ്ദാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പടുവിപ്പിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്വീകരിച്ചിട്ടുള്ള നടപടികളിൽ കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഉന്നയിക്കപ്പെട്ട ആരോപണം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
സുപ്രീം കോടതി ഹർജികളിൽ അന്തിമ തീർപ്പ് പ്രസ്താവിക്കുന്നത് വരെ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് കമ്മീഷനെ വിലക്കണമെന്ന ആവശ്യത്തിലും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ രാജ്യം കത്തുമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വികാസ് സിംഗ് സുപ്രീം കോടതിയിൽ പറഞ്ഞു.
കമ്മീഷൻ നിയമപ്രകാരം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു. ഏകകണ്ഠമോ, ഭൂരിപക്ഷ അഭിപ്രയത്തിലോ ആയിരിക്കണം തീരുമാനങ്ങൾ. ഫോം 6-ന്റെ പരിഷ്കരണം അംഗീകരിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ അംഗീകാരത്തോടെയാണ് ഫോം 6 പരിഷ്കരിച്ചത് എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആരാണ് പരിഷ്കരണത്തിന് അനുമതി നൽകിയത് എന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും അക്കാര്യം അറിയാൻ തങ്ങൾക്കും താത്പര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു
