ആറുവയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസ്; പിടിയിലായത് ദമ്പതികളും മകളും

 | 
jjjjjjj

കൊല്ലം ആയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പിടിയിലായത് ദമ്പതികളും മകളും. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തട്ടികൊണ്ടുപോകലുമായി നേരിട്ട് ബന്ധമുള്ള പത്മകുമാറിനെ കെഎപി ക്യാമ്പിൽ ചോദ്യം ചെയ്യുകയാണ്. എഡിജിപി, ഡിഐജി, ഐജി എന്നിവർ ക്യാമ്പിലെത്തി. കൊല്ലം സിറ്റി പൊലീസിന്റെ ഷാഡോ ടീം ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. സിസിടിവി ദൃശ്യങ്ങളും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തുമ്പോൾ ഒരു ലോഡ്ജിലായിരുന്നു പ്രതികൾ. പുളിയറയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. ഇവർക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കസ്റ്റഡിയിലെടുത്തവരുടെ ചിത്രങ്ങൾ കുട്ടിയെ പൊലീസ് കാണിച്ചെങ്കിലും ഇവരെ അറിയില്ലെന്നാണ് കുട്ടി പ്രതികരിച്ചത്. കേസിൽ കൂടുതൽ പേരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.