മതപരിവര്‍ത്തനമെന്ന് സോഷ്യല്‍ മീഡിയ പ്രചാരണം; മധ്യപ്രദേശില്‍ പരീക്ഷ നടക്കുന്നതിനിടെ സ്‌കൂള്‍ ആക്രമിച്ച് ബജ്‌റംഗ് ദള്‍

 | 
School Attacked

മധ്യപ്രദേശില്‍ കത്തോലിക്കാ സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ആക്രമിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍. 12-ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടന്നു കൊണ്ടിരിക്കെയാണ് നൂറുകണക്കിനാളുകള്‍ സ്‌കൂള്‍ കെട്ടിടത്തിന് നേരെ കല്ലേറ് നടത്തിയത്. വിദിഷ ജില്ലയിലെ ഗഞ്ച് ബസോഡയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് സ്‌കൂളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സ്‌കൂളില്‍ പഠിക്കുന്ന് എട്ട് വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് മതപരിവര്‍ത്തനം ചെയ്യിച്ചുവെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം.

ആക്രമണ സമയത്ത് സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ദിവസം മുന്‍പ് സ്‌കൂള്‍ ആക്രമിക്കാന്‍ ഇടയുണ്ടെന്ന് വിവരം കിട്ടിയിരുന്നതായി മാനേജര്‍ ബ്രദര്‍ ആന്റണി പറഞ്ഞു. ഇതു സംബന്ധിച്ച് പോലീസിനും സര്‍ക്കാരിനും അറിയിപ്പു കൊടുത്തിരുന്നെങ്കിലും ശരിയായ സുരക്ഷയൊരുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളില്‍ മതപരിവര്‍ത്തനം നടക്കുന്നതായുള്ള ആരോപണങ്ങളും അദ്ദേഹം തള്ളി. വിദ്യാര്‍ത്ഥികളെ ആരെയും മതംമാറ്റിയിട്ടില്ലെന്ന് ബ്രദര്‍ ആന്റണി പറഞ്ഞു. അതേസമയം മതംമാറ്റം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബജ്‌റംഗ്ദള്‍ പ്രാദേശിക നേതാവ് നിലേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. ശരിയാണെന്ന് കണ്ടെത്തിയാല്‍ സ്‌കൂള്‍ ഇടിച്ചു നിരത്തണമെന്നാണ് സംഘപരിവാര്‍ ആവശ്യപ്പെടുന്നത്.