രാജ്യതാൽപര്യത്തിനായി ഒറ്റക്കെട്ടായി നിൽക്കണം. പ്രതിപക്ഷത്തോട് സോണിയാ ഗാന്ധി

 | 
Sonia gandhi

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കളോട് അഭ്യർത്ഥിച്ചു. മറ്റൊരു വഴിയും മുന്നിൽ ഇല്ലെന്നും അവർ  19 പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ അഭിപ്രായപ്പെട്ടു. 

നമുക്കെല്ലാവർക്കും ചില നിർബന്ധങ്ങളുണ്ടെന്നും അതെല്ലാം  മറികടന്ന് രാജ്യത്തിന്റെ താത്പര്യത്തിനൊപ്പം നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു.  


2024 തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാണ്. എന്നാൽ ഒത്തൊരുമിച്ച് നിന്നാൽ നമുക്ക് വിജയിക്കാൻ കഴിയും.  ഒരുമിച്ച് പ്രവർത്തിക്കുന്നതിന് ബദലായി മറ്റൊന്നുമില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും ഭരണഘടനയുടെ തത്വങ്ങളിലും വ്യവസ്ഥകളിലും വിശ്വസിക്കുന്ന ഒരു സർക്കാരിനെ രാജ്യത്തിന് നൽകാനുള്ള ലക്ഷ്യത്തോടെ ഏകമനസ്സായി ആസൂത്രണം നടത്തണമെന്നും  പ്രതിപക്ഷ പാർട്ടികളോട് അവർ ആവശ്യപ്പെട്ടു.


പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരത് പവാർ, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ്, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കൾ സോണിയ ഗാന്ധി വിളിച്ച വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി., ആർ.എൽ.ഡി., എൻ.സി.പി., ശിവസേന, മുസ്ലിംലീഗ്, ആർ.എസ്.പി., ഡി.എം.കെ., ഇടതുപാർട്ടികൾ, നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികൾ യോഗത്തിൽ പങ്കാളികളായി. സമാജ് വാദി പാർട്ടി, എ.എ.പി, ബിഎസ്പി എന്നീ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല