സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ഇന്‍കം ടാക്‌സ് വിഭാഗം
ബോളിവുഡ് താരം സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ഇന്‍കം ടാക്‌സ് വിഭാഗം. താരത്തിന്റെ മുംബൈയിലെ വസതിയില്‍ മൂന്ന് ദിവസമായി നടത്തിവന്ന പരിശോധനയ്ക്ക് ശേഷമാണ് ഇന്‍കം ടാക്‌സ് വിഭാഗം ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന്റെ പദ്ധതികളുമായി സഹകരിക്കുമെന്ന് സോനു സൂദ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ പരിശോധന നടന്നത്.
താരത്തിന്റെ എന്‍ജിഒ ക്രൗഡ് ഫണ്ടിംഗിലൂടെ വിദേശത്തു നിന്ന് 2.1 കോടി രൂപ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും ഇത് വിദേശ സംഭാവനാ ചട്ടങ്ങളുടെ ലംഘനമാണെന്നും ആദായ നികുതി വകുപ്പ് പറയുന്നു. സൂദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നികുതി വെട്ടിപ്പിന് നിരവധി തെളിവുകള്‍ ലഭിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് അവകാശപ്പെടുന്നത്. അനധികൃത സമ്പാദ്യം വ്യാജ വ്യക്തികളില്‍ നിന്ന് വ്യാജ വായ്പകള്‍ വാങ്ങിയതായി കാട്ടി രേഖപ്പെടുത്തിയിരിക്കുകാണെന്നാണ് പ്രസ്താവനയില്‍ വകുപ്പ് പറയുന്നത്.
കോവിഡ് ലോക്ക് ഡൗണ്‍ സമയത്തും കേരളത്തിലുള്‍പ്പെടെ പ്രളയം നാശം വിതച്ചപ്പോഴും സോനു സൂദ് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ സഹായങ്ങള്‍ക്കായി മുംബൈയിലെ തന്റെ കടമുറികള്‍ സൂദ് പണയം വെച്ച് 10 കോടി രൂപ ലോണ്‍ എടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രളയകാലത്ത് കേരളത്തിന് കോടികളുടെ സംഭാവനയാണ് താരം നല്‍കിയത്.
സൂദിനെതിരായ ആരോപണത്തില്‍ പ്രതിഷേധിച്ച് ശിവസേനയും ആം ആദ്മി പാര്‍ട്ടിയു രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരുമായി സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തിയതിനെയാണ് ആം ആദ്മി ചോദ്യം ചെയ്യുന്നത്. അതേസമയം ബിജെപി ഇക്കാര്യം നിഷേധിക്കുകയാണ്. പരിശോധനകള്‍ക്ക് ആം ആദ്മി ബന്ധം വിഷയമാകുന്നില്ലെന്ന് ബിജെപി പ്രതികരിച്ചു.