സോണി ലിവിലെ ചുരുളിക്ക് സര്‍ട്ടിഫിക്കറ്റില്ല; വിശദീകരണവുമായി സെന്‍സര്‍ ബോര്‍ഡ്

 | 
Churuli

സോണി ലിവിലൂടെ റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിക്ക് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി. ആണ് പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചുരുളിക്ക് 18-11-2021ല്‍ അനുയോജ്യമായ മാറ്റങ്ങളോടെ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.

എന്നാല്‍ സോണി ലിവ് എന്ന ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ചുരുളി പ്രസ്തുത സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്നാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച് വസ്തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും ഊഹാപോഹങ്ങളും വ്യാപകമാകുന്നതായി പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളിലൂടെ സിബിഎഫ്‌സിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നു അതിനാല്‍ സിബിഎഫ്‌സിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കുന്നതിനായാണ് പ്രസ്താവനയെന്നുമാണ് വിശദീകരണം.

സിനിമയിലെ തെറിവിളികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിനോയ് തോമസിന്റെ കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന ചെറുകഥയെ ആസ്പദമാക്കി എസ്.ഹരീഷിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നവംബര്‍ 19നാണ് റിലീസ് ചെയ്തത്.