സൂരജിന് ഇരട്ട ജീവപര്യന്തം; ഉത്ര വധക്കേസില്‍ ശിക്ഷ പ്രഖ്യാപിച്ചു
ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ജീവപര്യന്തം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 6 ആണ് ശിക്ഷ പ്രഖ്യാപിച്ചത്. ഐപിസി 302,307, 321, 208 വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ആദ്യം 10 വര്‍ഷവും പിന്നീട് 7 വര്‍ഷവും തടവ് അനുഭവിക്കണം. ഇതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്. പ്രതിയുടെ പ്രായം കണക്കിലെടുത്തും പ്രതിക്ക് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാതുമാണ് ജീവപര്യന്തം നല്‍കാന്‍ കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്. 5 ലക്ഷം രൂപ പിഴയും കോടിതി വിധിച്ചു.
പിഴത്തുക ഉത്രയുടെ കുഞ്ഞിന്റെ പേരില്‍ നിക്ഷേപിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനായി തുക ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ഏല്‍പിക്കണം. വിഷം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ആദ്യത്തെ 17 വര്‍ഷം തടവ്. ഇതിന് ശേഷം കൊലപാതകം, വധശ്രമം എന്നീ കേസുകളില്‍ ജീവപര്യന്തവും വിധിക്കുകയായിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായതില്‍ അപൂര്‍വമെന്നാണ് പ്രോസിക്യൂഷന്‍ കേസിനെ വിശേഷിപ്പിച്ചത്. വിധിന്യായത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളുടെ മാനദണ്ഡങ്ങള്‍ വായിച്ചതിന് ശേഷമാണ് പരമാവധി ശിക്ഷയെന്ന നിലയില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചത്. വധശിക്ഷയ്ക്ക് സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള അഞ്ച് കുറ്റങ്ങളില്‍ നാലും സൂരജ് ചെയ്തിട്ടുണ്ടെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതി ചെയ്ത കൃത്യം വിചിത്രവും പൈശാചികവും ദാരുണവുമാണെന്നും കോടതി കണ്ടെത്തിയിരുന്നു.
2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ ഉത്രയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുമായി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണ് ഇത്.