വ്യാപനം രൂക്ഷം; രാജ്യത്തെ കോവിഡ് കേസുകളില്‍ ഒറ്റ ദിവസം 55 ശതമാനം വര്‍ദ്ധനവ്, ഒമിക്രോണ്‍ കേസുകളിലും വര്‍ദ്ധന

 | 
Covid

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഒരു ദിവസത്തില്‍ 55 ശതമാനം വര്‍ദ്ധനയാണ് രോഗികളുടെ എണ്ണത്തിലുണ്ടായത്. ചൊവ്വാഴ്ച 37,379 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ ബുധനാഴ്ച 58,097 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 28ന് 9000 കേസുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. 9 ദിവസത്തിനിടെ ആറിരട്ടി വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ ഒമിക്രോണ്‍ കേസുകളിലും സാരമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2135 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ 653 പേര്‍ക്കും ഡല്‍ഹിയില്‍ 464 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേരളത്തില്‍ 185, രാജസ്ഥാന്‍ 174, ഗുജറാത്ത് 154, തമിഴ്‌നാട് 121, തെലങ്കാന 84, കര്‍ണാടക 77, ഹരിയാന 71, ഒഡിഷ 37, ഉത്തര്‍പ്രദേശ് 31, ആന്ധ്രാപ്രദേശ് 24, പശ്ചിമ ബംഗാള്‍ 20 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. അതിര്‍ത്തികളിലെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി. കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്.