പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളെന്ന് ശ്രീകാന്ത് വെട്ടിയാര്‍; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ

 | 
Sreekanth Vettiyar

ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയില്‍. തനിക്കെതിരെ ഉയര്‍ന്ന പരാതിക്ക് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും പരാതി വ്യാജമാണെന്നും ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് വെട്ടിയാര്‍ പറയുന്നു. നേരത്തേ മീടൂ ആരോപണം ഉന്നയിച്ച യുവതി നല്‍കിയ പരാതിയില്‍ വെട്ടിയാര്‍ക്കെതിരെ പോലീസ് ബലാല്‍സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 

കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഇയാള്‍ ഒളിവിലാണ്. അറസ്റ്റിനായി പോലീസ് ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെയാണ് ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കൊല്ലം സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. നടനും വ്‌ളോഗറുമായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ഒന്നിലേറെ യുവതികള്‍ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. 

വിവാഹ വാഗ്ദാനം നല്‍കി ആലുവയിലെ ഫ്‌ളാറ്റിലും കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ശ്രീകാന്ത് വെട്ടിയാര്‍ തന്റെ കയ്യില്‍ നിന്ന് പല തവണ പണം വാങ്ങിയിട്ടുണ്ടെന്നും വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്റ് എന്ന ഫെയിസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത മീ ടൂ ആരോപണത്തില്‍ യുവതി പറഞ്ഞിരുന്നു.