കെ റെയില്‍ വരാത്തതുകൊണ്ട് ആരും ചത്തു പോകില്ലെന്ന് ശ്രീനിവാസന്‍

സില്‍വര്‍ ലൈന്‍ പദ്ധതി വന്നില്ലെങ്കില്‍ ആരും ചത്തു പോകില്ലെന്ന പരാമര്‍ശവുമായി നടന്‍ ശ്രീനിവാസന്‍. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശരിയാക്കിയിട്ട് പോരേ അതിവേഗത്തില്‍ ഓടാന്‍ എന്നും ശ്രീനിവാസന്‍ മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ ചോദിച്ചു. കോണ്‍ഗ്രസ് അവര്‍ ഭരണത്തിലിരിക്കുന്ന സമയത്ത് തന്നെ ഈ പദ്ധതിയെക്കുറിച്ച് ആലോചിച്ചെന്നാണ് അറിഞ്ഞത്. ഇപ്പോള്‍ ഭരണത്തിലില്ലാത്തതുകൊണ്ടായിരിക്കുമോ ഇതിനെ എതിര്‍ക്കുന്നത് എന്ന് എനിക്ക് അറിയില്ല. അവര്‍ക്കും ചിലപ്പോള്‍ നേട്ടം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതിനെ എതിര്‍ക്കുമായിരുന്നില്ലേയെന്നും ശ്രീനിവാസന്‍ ചോദിച്ചു.
'ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തില്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തില്‍ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്. പാര്‍പ്പിടം ശരിയാക്കിയോ? ഇതൊക്കെ ശരിയാക്കിയിട്ട് പോരെ അതിവേഗത്തില്‍ ഓടാന്‍. ഭക്ഷണം പാര്‍പ്പിടം തുടങ്ങി പ്രാഥമിക ആവശ്യങ്ങള്‍ ഇനിയും നടപ്പാക്കാനുണ്ട്. ഇതൊക്കെ കഴിഞ്ഞിട്ട് പോരെ അതിവേഗ റെയില്‍ നടപ്പാക്കുന്നത്. കടം മേടിച്ചിട്ടേ ഈ പദ്ധതി നടപ്പാക്കാനാകൂ, പിന്നീട് കടം കിട്ടാതാകും.
അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കിയിട്ട് മതി കെ റെയിലില്‍ പോകുന്നത്. ഇതൊന്നുമില്ലാതെ ആളുകള്‍ യാത്ര ചെയ്യുന്നില്ലേ. സില്‍വര്‍ ലൈന്‍ വരാത്തതുകൊണ്ട് ആളുകള്‍ മരിച്ചുപോകുകയൊന്നുമില്ലല്ലോ എന്നായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍.