എസ്എസ്എല്‍സി-ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും; വിദ്യാഭ്യാസ മന്ത്രി
കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചാലും എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇതിനായി പുതുക്കിയ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് തല്‍ക്കാലം ഓണ്‍ലൈന്‍ ക്ലാസ് മാത്രമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂളുകളില്‍ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ല. എങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ക്ക് രണ്ടാഴ്ചത്തേക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കുന്നത്. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. ഡിജിറ്റല്‍-ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമം പുനക്രമീകരിക്കുകമെന്നും മന്ത്രി പറഞ്ഞു. എസ് എസ് എല്‍ സി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാന വാരവും പൂര്‍ത്തിയാക്കും വിധം ഡിജിറ്റല്‍ - ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കും.
തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. പുതുക്കിയ മാര്‍ഗ്ഗരേഖ യോഗത്തിന് ശേഷം പുറത്തിറക്കും. സ്‌കൂളില്‍ വരുന്ന 10,11,12 ക്ളാസുകളിലെ കുട്ടികള്‍ക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ക്ലാസുകള്‍ രണ്ടാഴ്ചയ്ക്കുശേഷവും തുടരണോയെന്നത് ഫെബ്രുവരി രണ്ടാംവാരം പരിശോധിക്കും.
എത്രയും പെട്ടെന്ന് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനാണ് ശ്രമം. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളില്‍ വാക്സിന്‍ നല്‍കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. വാക്സിനേഷന്‍ കണക്കുകള്‍ സ്‌കൂള്‍ തലത്തില്‍ തന്നെ അപ്ഡേറ്റ് ചെയ്യാന്‍ കൈറ്റ് - വിക്ടേഴ്‌സ് പുതിയ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.