35 സീറ്റില്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന, സുരേന്ദ്രന്റെ രണ്ടിടത്തെ മത്സരം; തോല്‍വിയുടെ കാരണങ്ങള്‍ നിരത്തി ബിജെപി

35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
 | 
k surendran
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ നിരത്തി ബിജെപിയുടെ അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ നിരത്തി ബിജെപിയുടെ അവലോകന റിപ്പോര്‍ട്ട്. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചത് ദോഷം ചെയ്തുവെന്നും അഞ്ചംഗ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് സുരേന്ദ്രന്‍ മത്സരിച്ചത്.

നേമത്ത് മുന്‍ എംഎല്‍എ ആയ ഒ.രാജഗോപാലിന് ജനകീയനാകാന്‍ കഴിഞ്ഞില്ല. കഴക്കൂട്ടത്ത് ശബരിമല വിഷയം മാത്രം ഉയര്‍ത്തിക്കാട്ടിയത് ശോഭാ സുരേന്ദ്രന് തിരിച്ചടിയായെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍  കെ സുരേന്ദ്രനാണ് തിരഞ്ഞെടുപ്പ് അവലോകന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 4 ജനറല്‍ സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്റും അടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സമിതി സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും സമിതി പര്യടനം നടത്തി തെളിവെടുപ്പ് നടത്തിയിരുന്നു. 

2016ല്‍ ഉണ്ടായതു പോലെ സംഘപരിവാര്‍ ഏകോപനം ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. സുപ്രധാന മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമമുണ്ടായി. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് പക്വതക്കുറവുണ്ടായി. ബിഡിജെഎസ് പ്രാദേശിക നേതാക്കള്‍ ഇടതു സ്ഥാനാര്‍ത്ഥിക്കു വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ചു എന്നിങ്ങനെയുള്ള പരാതികള്‍ സമിതിക്ക് കീഴ് ഘടകങ്ങളില്‍ നിന്ന് ലഭിച്ചു.