ക്രിസ്തുമസ് ആഘോഷത്തിനിടെ വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് അപകടം; ഒരു വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

 | 
Car

വര്‍ക്കല എസ്എന്‍ കോളേജില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ വിദ്യാര്‍ത്ഥി അപകടകരമായി ഓടിച്ച കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. കോളേജിന് മുന്നിലെ റോഡിലാണ് സംഭവം.

അപകടത്തിന് മുന്‍പായി നിരവധി വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ വാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടിച്ചതായി റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍പെട്ട കാര്‍ മറ്റു വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് നിന്നത്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും നാല് ബൈക്കുകള്‍ക്കും അപകടത്തില്‍ തകരാറുകള്‍ സംഭവിച്ചു. ഓട്ടോ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ നി ല ഗുരുതരമല്ല. സംഭവത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തേക്കും.