കര്‍ഷക സമരം വിജയം; മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു

 | 
Farm Law

മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കാര്യം അറിയിച്ചത്. രണ്ടു വര്‍ഷത്തോളമായി തുടരുന്ന കര്‍ഷക സമരത്തിന് വിജയം കുറിച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നത്. ഈ മാസം അവസാനം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സമരം ചെയ്യുന്ന കര്‍ഷകര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കാര്‍ഷിക നിയമങ്ങളെ പുകഴ്ത്തിക്കൊണ്ടായിരുന്നു മോദി അഭിസംബോധന ആരംഭിച്ചത്. കര്‍ഷകരുടെ ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അതിനായാണ് നിയമങ്ങള്‍ അവതരിപ്പിച്ചതെന്നും മോദി അവകാശപ്പെട്ടു.

രാജ്യത്തെ നിരവധി കര്‍ഷകര്‍ ഈ നിയമങ്ങളെ അനുകൂലിച്ചു. എന്നാല്‍ കുറച്ചു പേര്‍ അതിനെ എതിര്‍ത്ത് രംഗത്തെത്തി. അവരെ കാര്യങ്ങള്‍ മനസിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. നിയമങ്ങള്‍ രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് ഈ നിയമങ്ങള്‍ സുപ്രീം കോടതിയിലും എത്തി. നിരന്തരം ശ്രമങ്ങള്‍ നടത്തിയിട്ടും അവരെ പറഞ്ഞു മനസിലാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.