അച്ചടക്ക ലംഘനത്തിന് 'സുധാകര വാള്‍'; മമ്പറം ദിവാകരന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടി. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുകയാണ് മമ്പറം.
നിലവില്‍ സഹകരണ ആശുപത്രി പ്രസിഡന്റായ മമ്പറം കണ്ണൂര്‍ ഡിസിസി അംഗീകരിച്ച പാനലിനെതിരെയാണ് മത്സരിക്കുന്നത്. ഇത് ഗുരുതര അച്ചടക്ക ലംഘനമായി കെപിസിസി വിലയിരുത്തുകയും മമ്പറത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
മുന്‍പ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ മമ്പറം രംഗത്തെത്തിയിട്ടുണ്ട്. ബ്രണ്ണന്‍ കോളേജ് വിവാദത്തിലായിരുന്നു ഇരു നേതാക്കളും നേര്‍ക്കുനേര്‍ എത്തിയത്. സുധാകരന്‍ പക്വത കാണിക്കണമെന്ന് മമ്പറം പറഞ്ഞിരുന്നു.