ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യ; റിനൈ മെഡിസിറ്റി ആശുപത്രിക്കെതിരെ അന്വേഷണം

 | 
Ananya Kumari Alex

ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയും ആക്ടിവിസ്റ്റുമായിരുന്ന അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയില്‍ എറണാകുളം പാലാരിവട്ടത്തെ റിനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്. ക്യൂറിഥം എല്‍ജിബിറ്റിക്യുവിന് വേണ്ടി പ്രിജിത്ത് പി.കെ. നല്‍കിയ പരാതിയിലാണ് നടപടി. 

ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതിനാലാണ് അനന്യ ആത്മഹത്യ ചെയ്തതെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പ് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 

ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതു മൂലം അനന്യയ്ക്ക് നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ശസ്ത്രക്രിയ നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും മുറിവുകള്‍ ഉണങ്ങിയിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിച്ചിരുന്നു.