ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്; സിഐക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍

 | 
Suicide

തേഞ്ഞിപ്പലത്ത് ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മുന്‍പ് ആത്മഹത്യാശ്രമം നടത്തിയപ്പോള്‍ എഴുതിയ കുറിപ്പാണ് പുറത്തു വന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നടത്തിയ ഫറോക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് കത്തിലുള്ളത്. സിഐ പീഡന വിവരം നാട്ടുകാരോട് പറയുകയും തന്നെ മോശം പെണ്‍കുട്ടിയെന്ന് വിളിക്കുകയും ചെയ്തതായി കുറിപ്പിലുണ്ട്. 

ഇന്‍സ്‌പെക്ടര്‍ തന്റെ പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തിയെന്നും തന്റെ നിലവിലെ മാനസികാവസ്ഥയ്ക്ക് കാരണം ഇയാളാണെന്നും കത്തില്‍ പറയുന്നു. പോക്‌സോ കേസില്‍ ബന്ധുക്കളടക്കം ആറു പേരാണ് പ്രതികള്‍. തന്നെ പെണ്ണുകാണാന്‍ എത്തിയ യുവാവിനോടാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്തത്.

പിന്നീട് ഈ യുവാവിനെ സിഐ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്നും താന്‍ മോശം പെണ്‍കുട്ടിയായതിനാല്‍ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു. കേസില്‍ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ അവിടെയെത്തിയ നാട്ടുകാരോട് പീഡന വിവരം സിഐ വെളിപ്പെടുത്തി അപമാനിച്ചു. തനിക്ക് പുറത്തിറങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയാണെന്നും പെണ്‍കുട്ടിയുടെ കുറിപ്പ് വ്യക്തമാക്കുന്നു. പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ് വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും പോലീസ് അതിന് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവും പറഞ്ഞു.