തുഷാര അജിത്തിന്റെ വ്യാജ പ്രചാരണത്തിന് പിന്തുണ; മാപ്പ് ചോദിച്ച് രാഹുല്‍ ഈശ്വര്‍

 | 
Rahul Eswar

വധശ്രമക്കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വിദ്വേഷ പ്രചാരണം നടത്തിയ തുഷാര അജിത്തിന് പിന്തുണ നല്‍കിയതില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍. തുഷാര അജിത്ത് ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വാര്‍ത്ത ഇസ്ലാമോഫോബിയയില്‍ നിന്ന് ഉടലെടുത്തതാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങളില്‍ ജാഗ്രത പാലിക്കുമെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു. നേരത്തേ തുഷാരയുടെ വ്യാജ വാര്‍ത്ത രാഹുല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.


നോ ഹലാല്‍ ബോര്‍ഡ് വെച്ച് ഹോട്ടല്‍ നടത്തിയതിന് ജിഹാദികള്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു സോഷ്യല്‍ മീഡയയില്‍ തുഷാര നടത്തിയ പ്രചരണം. എന്നാല്‍ ഇവരും ഭര്‍ത്താവും ഗുണ്ടകളും ചേര്‍ന്ന് കാക്കനാട് നിലംപതിഞ്ഞിമുകളില്‍ ഒരു റെസ്റ്റോറന്റില്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ഇവരുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ക്ക് ശസ്ത്രക്രിയ വേണ്ടി വന്നുവെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചിരുന്നു.


മര്‍ദ്ദനമേറ്റെന്ന തുഷാരയുടെ പ്രചാരണം സംഘപരിവാര്‍ പ്രൊഫൈലുകളും ഗ്രൂപ്പുകളും ഏറ്റെടുക്കുകയും സംഘപരിവാര്‍ അനുകൂല ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയാകുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ഈ വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു. വ്യാജമാണെന്ന് വ്യക്തമായിട്ടും പോസ്റ്റ് നീക്കം ചെയ്യാന്‍ സുരേന്ദ്രന്‍ തയ്യാറായിട്ടില്ല.