കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കി
കണ്ണൂർ സർവകലാശാല വിസി നിയമനത്തിൽ സർക്കാരിന് തിരിച്ചടി. വിസിയായി ഡോ.ഗോപിനാഥ് രവീന്ദ്രനാഥിനെ വീണ്ടും നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കി. വിസിയുടെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് കാട്ടി ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, ഡോ.ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തേ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് പരാതിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. വിസി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കണ്ണൂർ വൈസ് ചാൻസലറായി നാലു വർഷത്തെ കാലാവധി പൂർത്തിയാക്കിയതിന് തൊട്ടടുത്ത ദിവസം തന്നെ ചാൻസലർ കൂടിയായ ഗവർണർ വിസിക്ക് പുനർ നിയമനം നൽകിക്കൊണ്ടുള്ള ഉത്തരവിറക്കി. ഇത്തരത്തിൽ ഒരു വിസിക്ക് പുനർ നിയമനം നൽകുന്നത് സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വിസിയെ തെരഞ്ഞെടുക്കാനായി രൂപീകരിച്ച സമിതിയും ഇതിനു പിന്നാലെ പിരിച്ചു വിട്ടു. ഇതിനു പിന്നാലെയാണ് താൻ നിയമന ഉത്തരവിൽ ഒപ്പിട്ടത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് ഗവർണർ പറഞ്ഞത്.
സംസ്ഥാനത്തെ സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും അത്തരം സമ്മർദ്ദങ്ങൾക്ക് വിധേയനായി പ്രവർത്തിക്കാൻ കഴിയില്ലെന്നും കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇത് മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. ഡോ.ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു എഴുതിയ കത്ത് ഇതിനിടെ പുറത്തു വന്നിരുന്നു.