ഗ്യാനേഷ് കുമാറിന് സുപ്രീംകോടതി നോട്ടീസ്
നടപടി രാഹുൽ ഗാന്ധിയുടെ ഹരജിയിൽ
| Updated: Oct 15, 2026, 13:56 IST
രാജ്യത്തുടനീളം ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയെന്ന ആക്ഷേപമുയർന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രക്രിയയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസയച്ച് സുപ്രീംകോടതി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും 'ഇൻഡ്യ' മുന്നണി നേതാക്കളുടെയും സംയുക്ത ഹരജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ.
എസ്.ഐ.ആർ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ടർമാരെ ഏകപക്ഷീയമായി നീക്കം ചെയ്തുവെന്നും ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത തകർത്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. ചീഫ് ഇലക്ഷൻ കമീഷണർക്ക് പുറമെ തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരോടും വിഷയത്തിൽ കോടതി വിശദീകരണം തേടിയിട്ടുണ്ട്.
