ബഫര്‍ സോണിലെ നിയന്ത്രണങ്ങള്‍ നീക്കി സുപ്രീം കോടതി

 | 
Buffer zone

ബഫര്‍ സോണില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീം കോടതി നീക്കി. അതേസമയം ബഫര്‍ സോണായി പ്രഖ്യാപിച്ച മേഖലയില്‍ ഖനനത്തിന് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശമാണ് ബഫര്‍ സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ പ്രദേശത്ത് മരം മുറിക്കാന്‍ ഉത്തരവാദിത്തപ്പെട്ട അതോറിറ്റികളുടെ അനുമതി ആവശ്യമാണ്. സ്ഥിരം നിര്‍മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും കോടതി നീക്കി. അന്തിമ, കരട് വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്കു പുറമെ സര്‍ക്കാരിന്റെ പരിഗണനയില്‍ വിജ്ഞാപനം ഇറക്കാനിരിക്കുന്ന മേഖലകള്‍ക്കും ഇളവ് ബാധകമായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ബഫര്‍ സോണ്‍ അല്ലെങ്കില്‍ പോലും വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഖനനത്തിന് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വീടുകള്‍ക്ക് അടിസ്ഥാനം കെട്ടുന്നതിന് കുഴിയെടുക്കുന്നതിനും മറ്റും നിയന്ത്രണം ഉണ്ടായിരിക്കില്ല.

വന്‍കിട ജല വൈദ്യുത പദ്ധതികളും ബഫര്‍ സോണ്‍ മേഖലയില്‍ പാടില്ലെന്നാണ് നിര്‍ദേശം. എന്നാല്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ അനുമതിയോടെ നിര്‍മ്മിക്കാം. കൃഷിക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.