ലഖിംപുർ അന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥയാവരുതെന്ന് സുപ്രീം കോടതി
അവസാനിക്കാത്ത കഥയായി ലഖിംപുർ അന്വേഷണത്തെ മാറ്റരുതെന്ന് സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാറിന് മുന്നറിയിപ്പ് നൽകി. അന്വേഷണം മന്ദഗതിയിലാക്കാന്‍ ഉള്ള ശ്രമം യുപി പോലീസ് നടത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. രാത്രി ഒരു മണിവരെ കാത്തിരുന്നിട്ടും യു പി സര്‍ക്കാറില്‍ നിന്നും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് കോടതി വിമര്‍ശിച്ചു. യു പി ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്‍റെ വിവരങ്ങൾക്ക് വേണ്ടി ഇന്നലെ രാത്രി ഒരു മണിവരെ കാത്തിരുന്നു. ഇന്ന് കോടതി തുടങ്ങുന്നതിന് തൊട്ടുമ്പാണ് യു പി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നൽകിയത്.
കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് റിപ്പോര്‍ട്ട് നൽകിയാൽ ജഡ്ജിമാർക്ക് അത് എങ്ങനെ പരിശോധിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. നൽകിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണെങ്കിൽ മുഴുവൻ വിവരങ്ങളും ഇല്ല. 44 സാക്ഷികളുള്ള കേസിൽ ഇതുവരെ 4 പേരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. എന്താണ് ഇവരുടെ മൊഴിയെന്ന് പറയുന്നില്ല. വ്യക്തമായ വിവരങ്ങൾ അടങ്ങിയ പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
അടുത്ത ആഴ്ചക്കകം എല്ലാ സാക്ഷികളുടെയും രഹസ്യ മൊഴി രേഖപെടുത്താന്‍ കോടതി നിര്‍ദേശിച്ചു. സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. അനന്തമായി അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ 44 സാക്ഷികളാണ് ഉള്ളത്. ഇതില്‍ നാല് പേരെ മാത്രമാണ് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപെടുത്തിയത്. ബാക്കിയുള്ളവരുടെ രഹസ്യ മൊഴി രേഖപെടുത്താത്തത് എന്ത് കൊണ്ടാണെന്ന് സുപ്രീം കോടതി ആരാഞ്ഞു. ദസറ അവധിയെ തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി അവധി ആയതിനാലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് വൈകിയതെന്ന് യുപി സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയെ അറിയിച്ചു.