യോഗി സര്‍ക്കാരിന് കീഴില്‍ നടന്ന എന്‍കൗണ്ടര്‍ കൊലപാതകങ്ങളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം ഉത്തര്‍പ്രദേശില്‍ നടന്ന പോലീസ് എന്‍കൗണ്ടര്‍ കൊലപാതകങ്ങളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടന്ന എന്‍കൗണ്ടര്‍ കൊലപാതകങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറലിന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്, ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ മാര്‍ഗരേഖയ്ക്ക് സമാനമായ പൊതു മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതൊക്കെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു എന്നതടക്കമുള്ള വിശദാംശങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.