മുല്ലപ്പെരിയാറില്‍ റൂള്‍ കര്‍വ് തുടരുമെന്ന് സുപ്രീം കോടതി; കേസ് ഡിസംബര്‍ 10ലേക്ക് മാറ്റി

 | 
Mullaperiyar

മുല്ലപ്പെരിയാറില്‍ നിലവിലുള്ള റൂള്‍ കര്‍വ് തുടരും. ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് ഇത്. കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് നിലനിര്‍ത്തണമെന്നായിരുന്നു ഇടക്കാല ഉത്തരവ്. ഒക്ടോബര്‍ 28നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസംബര്‍ 10നാണ് ഇനി കേസ് പരിഗണിക്കുക. ഇതോടെ നവംബര്‍ 30ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് സാധിക്കും.

റൂള്‍ കര്‍വ് അംഗീകരിച്ചതിനൊപ്പം അടിയന്തര സാഹചര്യമുണ്ടായാല്‍ മേല്‍നോട്ട സമിതി സ്ഥിതിഗതികള്‍ വിലയിരുത്തി ഉചിതമായ തീരുമാനം എടുക്കണമെന്നും ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ അന്തിമ തീരുമാനം എത്തുന്നതു വരെ ഇടക്കാല ഉത്തരവ് തുടരുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അടിയന്തര ഉത്തരവുകള്‍ ഏതെങ്കിലും ആവശ്യമുണ്ടോ എന്ന് കോടതി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്തയോട് ചോദിച്ചെങ്കിലും ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം മാത്രമാണ് അഭിഭാഷകന്‍ ഉന്നയിച്ചത്.

നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള മറ്റു രണ്ടു കേസുകളുടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷം ഹര്‍ജികള്‍ പരിഗണിക്കാമെന്ന് കോടതി മറുപടി നല്‍കി. രണ്ടു കേസുകളുടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായാല്‍ ഡിസംബര്‍ 10ന് ഹര്‍ജികള്‍ പരിഗണിക്കും. അതേസമയം അണക്കെട്ടിലെ ചോര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് അറിയിച്ചു.

എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടല്ല വേണ്ടതെന്നും ഇരു സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന പരിശോധനയിലെ റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടതെന്നും പെരിയാര്‍ പ്രൊട്ടക്ഷന്‍ മൂവ്‌മെന്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി.കെ. ബിജു ആവശ്യപ്പെട്ടു.