പാലാ ബിഷപ്പിന് പിന്തുണയുമായി സുരേഷ് ഗോപി; ജോസഫ് കല്ലറങ്ങാട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നും എംപി
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. ഒരു മതത്തേയും ബിഷപ്പ് പരാമര്‍ശിച്ചിട്ടില്ല. തീവ്രവാദമാണ് എന്ന് പറയുമ്പോള്‍ ഒരു വിഭാഗം അത് ഞങ്ങളെയാ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഏറ്റെടുത്താലെങ്ങിനെയാണെന്നും അദേഹം മാധ്യമങ്ങളോട് ചോദിച്ചു. പാല ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
രാഷ്ട്രീയക്കാരനായല്ല, എംപി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. സല്യൂട്ട് വിവാദത്തോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് രൂക്ഷമായാണ് എംപി പ്രതികരിച്ചത്. സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. അതില്‍ രാഷ്ട്രീയ വേര്‍തിരിവ് വരുന്നത് അഗീകരിക്കില്ല. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം നോക്കി സല്യൂട്ട് പാടില്ല. പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുത്. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. ഒല്ലൂരിൽ എസ്‍ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു. സുരേഷ് ഗോപിയെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്‍ഐയെ വിളിച്ച് വരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്.