കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാജ്യസുരക്ഷ കണക്കിലെടുത്തെന്ന് സുരേഷ് ഗോപി

 | 
Suresh Gopi

രാജ്യസുരക്ഷ കണക്കിലെടുത്താണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതെന്ന് സുരേഷ് ഗോപി എംപി. തനിക്ക് അതേക്കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കര്‍ഷകരെ സഹായിക്കുന്നതിനായി കൊണ്ടുവന്ന നിയമങ്ങളായിരുന്നു അവയെന്നും എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലായില്ലെന്നും മോദി പറഞ്ഞു.

കര്‍ഷകര്‍ സമരം ആരംഭിച്ച് 467 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഗത്യന്തരമില്ലാതെ കേന്ദ്രസര്‍ക്കാരിന് നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നത്. 700ഓളം കര്‍ഷകര്‍ക്ക് സമരത്തിനിടെ ജീവന്‍ നഷ്ടമായിരുന്നു.