യഥാര്‍ത്ഥ സെങ്കനി, പാര്‍വതിക്ക് സഹായവുമായി സൂര്യ; 10 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു

 | 
Parvathi

ജയ്ഭീം എന്ന ചിത്രത്തില്‍ സെങ്കണിയെന്ന ഇരുള യുവതിയുടെ പോരാട്ടം പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. യഥാര്‍ത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമായ ചിത്രത്തില്‍ സെങ്കണിയെന്ന കഥാപാത്രമായത് പാര്‍വതി അമ്മാള്‍ എന്ന കുറവ വിഭാഗത്തിലുള്ള സ്ത്രീയായിരുന്നു. പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യയായ പാര്‍വതി നടത്തിയ നിയമ പോരാട്ടമാണ് ജയ്ഭീമിന്റെ ഇതിവൃത്തം. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ യഥാര്‍ത്ഥ സെങ്കണിയെ തിരഞ്ഞ മാധ്യമങ്ങള്‍ അവരുടെ കഷ്ടപ്പാടുകള്‍ പുറത്തെത്തിച്ചിരുന്നു. ഇപ്പോള്‍ പാര്‍വതിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ജയ്ഭീമിന്റെ നിര്‍മാതാവും നടനുമായ സൂര്യ.

പാര്‍വതിയുടെ ബാങ്ക് അക്കൗണ്ടില്‍ സൂര്യ 10 ലക്ഷം രൂപ നിക്ഷേപിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈയിലെ പോരൂരില്‍ മകളുടെ കുടുംബത്തിനൊപ്പം ഓലമേഞ്ഞ കുടിലിലാണ് ഇവര്‍ താമസിക്കുന്നത്. ഈ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് സൂര്യ സഹായവുമായി എത്തിയിരിക്കുന്നത്. സ്ഥിര നിക്ഷേപമായി നല്‍കിയിരിക്കുന്ന തുകയുടെ പലിശ എല്ലാ മാസവും പാര്‍വതിക്ക് ലഭിക്കും.

ചിത്രം റിലീസായതിന് ശേഷം ഇരുള വിഭാഗത്തിലുള്ളവര്‍ക്കായി ഒരു കോടി രൂപ സുര്യയും ജ്യോതികയും നല്‍കിയിരുന്നു. പാര്‍വതിയുടെ അവസ്ഥ പുറത്തു വന്നതിന് ശേഷം അവര്‍ക്ക് വീടു വെച്ചു നല്‍കുമെന്ന് സംവിധായകന്‍ രാഘവ ലോറന്‍സ് വ്യക്തമാക്കിയിരുന്നു.