ടി20 ലോകകപ്പ്: ഇന്ത്യക്ക് രണ്ടാം ജയം; 39 പന്തിൽ സ്കോട്‌ലൻഡിനെ തകർത്തു.

ന്യൂസിലാൻഡ് നമീബിയയെ 52 റൺസിന് തോൽപ്പിച്ചു.
 | 
Team india
കളി സ്കോട്‌ലൻഡിനെ തോൽപ്പിക്കാൻ ആണെങ്കിലും ലക്ഷ്യം മറ്റൊന്നായിരുന്നു. നെറ്റ് റൺ റേറ്റ്‌. 85 റൺസിന് സ്കോട്‌ലൻഡിനെ പുറത്താക്കി വെറും 39 പന്തിൽ കളി ജയിച്ചു ഇന്ത്യ. റൺ റേറ്റിൽ

 അഫ്ഗാനേയും ന്യൂസിലാന്റിനെയും മറികടന്നു. ഇനി ഇന്ത്യക്ക് മുന്നിൽ ഉള്ള ഏറ്റവും വലിയ കടമ്പ മറ്റൊന്നാണ്. അഫ്‌ഗാൻ- ന്യൂസിലാൻഡ് മത്സരം. അതിൽ അഫ്‌ഗാൻ വിജയിച്ചാൽ അവസാന കളിയിൽ നമീബിയയെ മറികടന്ന് സെമിയിൽ എത്താനുള്ള സാധ്യത മുന്നിൽ ഉണ്ട്. അല്ലാത്ത പക്ഷം ന്യൂസിലാൻഡ് സെമിയിൽ എത്തും. ഏഴാം തിയതി ആണ് ഈ മത്സരം.

തന്റെ ജന്മദിനത്തിൽ ടോസ് നേടിയ നായകൻ കോഹ്‌ലി പന്തെറിയാൻ തീരുമാനിച്ചു. സ്കോർ 13ൽ നിൽക്കെ നായകൻ കോയിറ്റ്സറിനെ(1)പുറത്താക്കി ബുംമ്ര ആദ്യ ബ്രേക്ക് തന്നു. നന്നായി തുടങ്ങിയ മുൻസിയെ(24) ഷമി ഹർദിക് പാണ്ഡ്യയുടെ കയ്യിലെത്തിച്ചു. പിന്നീടാണ് ജഡേജ എത്തിയത്. ആദ്യ ഓവറിൽ തന്നെ 2 വിക്കറ്റ് വീഴ്ത്തി ജഡേജ തുടങ്ങി. ബാരിങ്റ്റനെ പൂജ്യത്തിനും മാത്യു ക്രോസ്സിനെ 2 റൺസിനും പുറത്താക്കി. 21 റൺസ് എടുത്തു പൊരുതിയ ലീസ്‌കിനെ പുറത്താക്കി ജഡേജ മൂന്നാം വിക്കറ്റ് നേടി. 

പിന്നെ ഷമിയുടെ പ്രകടനം ആയിരുന്നു. 17ആം ഓവറിൽ തുടരെ മൂന്ന് വിക്കറ്റ്. 2 ബൗൾഡും ഒരു റൺ ഔട്ടും. 17.4 ഓവറിൽ  85ന് സ്കോട്ട് പട തിരിച്ചു കേറി. ഷമിയും ജഡേജയും 15 റൺസ് വഴങ്ങി  3 വിക്കറ്റ് വീഴ്ത്തി. ബുംമ്ര 2ഉം അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി.

ചേസിംഗ് തുടങ്ങി ഇന്ത്യക്ക് വേണ്ടി ഓപ്പണർമാർ  വെടിക്കെട്ട് പ്രകടനം ആണ് നടത്തിയത്. രാഹുലും രോഹിത്തും ഒരു പോലെ അടിച്ചു കസറി. രോഹിത് 16 പന്തിൽ 30 റൺസ് എടുത്തു പുറത്തായപ്പോൾ രാഹുൽ 19 പന്തിൽ 50 നേടി പുറത്തായി. 18 പന്തിൽ രാഹുൽ നേടിയ അർധസെഞ്ചുറി ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ചുറി ആണ്. 6.3 ഓവറിൽ കളി ജയിച്ചതോടെ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് +1.619 ആയി. ഇന്ത്യയേക്കാൾ 2 പോയിന്റ് കൂടുതൽ ഉള്ള ന്യൂസിലാന്റിന് +1.277 ആണ് റൺ റേറ്റ്. അഫ്ഗാന്റേത്  +1.481ഉം ആണ്. ജഡേജ ആണ് കളിയിലെ താരം.

എട്ടാം തിയതി ആണ് ഇന്ത്യ- നമീബിയ മത്സരം. 

ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് നമീബിയയെ 52 റൺസിന് തോൽപ്പിച്ചു. ന്യൂസിലാൻഡ് ഉയർത്തിയ 164 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന നമീബിയക്ക് 111 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.