വടിയെടുത്താല്‍ വാക്‌സിനെടുക്കും! വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ എണ്ണം 1707 ആയി കുറഞ്ഞു, കണക്കുകള്‍ പുറത്ത്

 | 
V-Sivankutty Minister

സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ എണ്ണം കുറഞ്ഞു. പൊതുവിദ്യാഭ്യാസമന്ത്രി പുറത്തുവിട്ട കണക്ക് അനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇനി 1707 അധ്യാപകരും അനധ്യാപകരും മാത്രമാണുള്ളത്. നേരത്തേ 5000ത്തോളം പേര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. മലപ്പുറത്താണ് വാക്‌സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത്. ഏറ്റവും കുറവ് വയനാട്ടിലാണ്. നിര്‍ദേശങ്ങളോട് സഹകരിക്കാത്തവര്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കണമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 229 അധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്. മതപരവും ആരോഗ്യപരവുമായ കാരണങ്ങളായിരുന്നു വാക്‌സിന്‍ എടുക്കാതിരിക്കാന്‍ ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ അതുമായി ബന്ധപ്പെട്ട രേഖകളും ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

വാക്‌സിന്‍ എടുക്കാന്‍ കഴിയില്ലെങ്കില്‍ എല്ലാ ആഴ്ചയിലും സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം മേലധികാരികള്‍ക്ക് നല്‍കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിരുന്നു. വാക്‌സിന്‍ എടുക്കാത്തവര്‍ വീട്ടിലിരുന്നാല്‍ മതിയെന്നായിരുന്നു മന്ത്രി നല്‍കിയ ആദ്യ നിര്‍ദേശം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ രക്ഷിതാക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചെന്നും ഇതോടെ സ്‌കൂളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതായും മന്ത്രി പറഞ്ഞു.

വാക്‌സിന്‍ എടുക്കാത്തവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം- 110
 • കൊല്ലം- 90
 • പത്തനംതിട്ട- 51
 • കോട്ടയം- 74
 • ഇടുക്കി- 43
 • ആലപ്പുഴ- 89
 • എറണാകുളം- 106
 • തൃശൂര്‍- 124
 • പാലക്കാട്- 61
 • മലപ്പുറം- 201
 • കോഴിക്കോട്- 151
 • വയനാട്- 29
 • കണ്ണൂര്‍- 90
 • കാസര്‍കോട്- 36