അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന നടത്തി താലിബാന്‍; കാറുകള്‍ കടത്തിക്കൊണ്ടു പോയി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്‍ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും അടഞ്ഞു കിടക്കുന്ന കോണ്‍സുലേറ്റുകളിലാണ് താലിബാന്‍ സംഘം പരിശോധന നടത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. താലിബാന്‍ സംഘം രേഖകള്‍ പരിശോധിക്കുകയും പാര്‍ക്ക് ചെയതിരുന്ന കാറുകള്‍ കടത്തിക്കൊണ്ടു പോകുകയും ചെയ്തു. ബുധനാഴ്ചയാണ് കോണ്‍സുലേറ്റുകളില്‍ റെയ്ഡ് നടന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
കാബൂളില്‍ പ്രവര്‍ത്തിക്കുന്ന എംബസിക്കു പുറമേ കാണ്ഡഹാര്‍, ഹെറാത്ത്, മസാര്‍ ഇ ഷരീഫ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. താലിബാന്‍ അധികാരത്തില്‍ എത്തിയതോടെ കോണ്‍സുലേറ്റുകള്‍ ഇന്ത്യ അടച്ചു. എംബസി പ്രവര്‍ത്തനം തുടരുന്നുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞ ദിവസം വളരെ ബുദ്ധിമുട്ടേറിയ രക്ഷാപ്രവര്‍ത്തനമാണ് നടത്തേണ്ടി വന്നത്. ഇന്ത്യക്കാര്‍ ഇനിയും കാബൂളില്‍ ഉണ്ടെന്നാണ് വിവരം.
മൂന്ന് ദിവസം കൊണ്ട് 200 ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനായെന്ന് അംബാസഡര്‍ രുദ്രേന്ദ്ര ടാണ്ടന്‍ പറഞ്ഞു. അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നവരെ കണ്ടെത്താനായി കാബൂള്‍ പിടിച്ചെടുത്തതിന് ശേഷം താലിബാന്‍ വീടുകള്‍ തോറും പരിശോധന നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ നാറ്റോ സൈന്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കായും തെരച്ചില്‍ നടത്തുന്നുണ്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.