അഫ്​ഗാനിസ്ഥാനിൽ താലിബാൻ വിരുദ്ധർക്കായി ശക്തമായ പരിശോധന

 | 
Taliban

തങ്ങളെ എതിർക്കുന്ന നിലപാടുള്ളവരെ കണ്ടത്താനായി അഫ്​ഗാനിസ്ഥാനിൽ വീടുകൾ കയറിയുള്ള തിരച്ചിൽ ശക്തമാക്കി താലിബാൻ. മുൻ സർക്കാറിനും അമേരിക്കൻ , നാറ്റോ സേനക്കും പിൻതുണ നൽകിയ ആളുകളുടെ പട്ടികയുമായി വീടുകൾ കയറിയിറങ്ങിയാണ് താലിബാൻ തെരച്ചിൽ ശക്തമാക്കിയത്. വീടുകളിൽ കയറി ഭീഷണി മുഴക്കിയതായും യുഎൻ റിപ്പോർട്ട് ചെയ്തു.  പ്രതികാര നടപടികൾ ഉണ്ടാവില്ലെന്ന താലിബാൻ ഉറപ്പിന് വിരുദ്ധമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്. 

അമേരിക്കൻ സൈന്യത്തിന്റെ ദ്വിഭാഷികളായി പ്രവർത്തിച്ചിരുന്നവരും സർക്കാർ മേഖലയിലെ ഉന്നത ഉദ്യോ​ഗസ്ഥരിൽ കുറേപ്പേരും ഇതിനകം നാടുവിട്ടു കഴിഞ്ഞു. കാബൂൾ വിമാനത്താവളം വഴി ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഇതിനകം പതിനെട്ടായിരത്തോളം പേരെ ഒഴിപ്പിച്ചു കഴിഞ്ഞതായി നാറ്റോ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ വിമാനത്താവളത്തിനു പുറത്ത് സ്ഥിതി മോശമാണ്. നാടുവിട്ടു രക്ഷപെടാൻ ശ്രമിക്കുന്നവരെ താലിബാൻ തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

​രാജ്യത്തിനകത്ത് പലയിടത്തും താലിബാൻ വിരുദ്ധ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. കാബൂളിൽ ദേശീയപതാകയുമേന്തി ആളുകൾ പ്രകടനം നടത്തി. ഇതിനു നേരെ നടന്ന വെടിവെപ്പിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. നേരത്തെ അമേരിക്കൻ വിമാനത്തിൽ നിന്നും വീണുമരിച്ചതിൽ ഒരാൾ കൗമാരക്കാരനായ അഫ്​ഗാൻ ഫുട്ബോൾ താരമാണെന്ന് സ്ഥിരീകരിച്ചു. 19 കാരനായ സാക്കി അൻവരിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.