അഫ്‌ഗാൻ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു

പ്രസിഡന്റ് ഗാനി നാടുവിട്ടു.
പ്രസിഡന്റ് പാലസ് കണ്ടുകെട്ടി
 | 
Afghan

താലിബാൻ തീവ്രവാദികൾ അഫ്ഗാനിസ്ഥാനിന്റെ നിയന്ത്രണം ഏറ്റെടുത്തു. പ്രസിഡന്റ് അഷറഫ് ഗാനി രാജ്യം വിട്ട് തജികിസ്ഥാനിൽ അഭയം പ്രാപിച്ചു. തൊട്ടു പിന്നാലെ പ്രസിഡന്റ് പാലസ് താലിബാൻ കണ്ടുകെട്ടി. കാബൂളിൽ എത്തിയ താലിബാൻ സേനക്ക് ചെറിയ രീതിയിൽ ഉള്ള എതിർപ്പുകൾ മാത്രമേ നേരിടേണ്ടി വന്നുള്ളൂ. 

ആരെയും ഉപദ്രവിക്കില്ലെന്നും രാജ്യം വിട്ടു പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം തരുമെന്നും താലിബാൻ അറിയിച്ചിട്ടുണ്ട്. മോഷണവും മറ്റ് അതിക്രമങ്ങളും തടയാൻ താലിബാൻ ശ്രമിക്കുമെന്നും വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു.

കാബൂൾ വിമാനത്താവളത്തിൽ വൻ തിരക്കാണ്. രാഷ്ട്രീയക്കാരും ഉയർന്ന ഉദ്യോഗസ്ഥരും ബിസിനസ്സുകാരും രാജ്യം വിടാൻ ഉള്ള ശ്രമത്തിൽ ആണ്. ടിക്കറ്റ് ഇല്ലാത്തവർ പോലും എയർപോർട്ടിൽ എത്തിയിരുന്നു. 

പ്രസിഡന്റ് അഷറഫ് ഗാനി നാടുവിട്ടത്തിൽ വലിയ വിമർശങ്ങൾ ഉണ്ട്. എന്നാൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ആണ് താൻ ശ്രമിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. അതേ സമയം മുൻ പ്രസിഡന്റ് അഹമ്മദ് കർസായി താൻ അഫ്‌ഗാനിൽ തുടരും എന്നു അറിയിച്ചിട്ടുണ്ട്. 

വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ പ്രത്യേക വിമാനങ്ങൾ അയച്ചു ഒഴിപ്പിക്കുന്നുണ്ട്. അഫ്‌ഗാൻ തീവ്രവാദത്തിന്റെ വിളനിലം ആകരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.