'നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തി'; മാത്യു കുഴൽനാടനെതിരെ സിപിഐഎം
കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ആരോപിച്ചു.
ചിന്നക്കനാലിലെ ഭൂമിയും റിസോർട്ടും സ്വന്തമാക്കിയത് നികുതി വെട്ടിച്ചാണ്. 2021 മാർച്ച് 18ന് രജിസ്റ്റർ ചെയ്ത ആധാരത്തിൽ 1.92 കോടി രൂപയാണ് വില കാണിച്ചത്. പിറ്റേ ദിവസം നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും വെട്ടിച്ചു. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്.
സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. മൂവാറ്റുപുഴയിൽ മണ്ഡലത്തിൽ നിന്നുള്ളവർ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ ആക്ഷേപം ഉന്നയിച്ചതുകൊണ്ടല്ല ഇപ്പോൾ ഈ വിഷയം ഉന്നയിക്കുന്നത്. അമേരിക്കൻ പ്രസിഡന്റിനെ ഒഴികെ എല്ലാവർക്കെതിരെയും ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടുള്ള ആളാണ് മാത്യു കുഴൽനാടൻ. അതുകൊണ്ട് പുതിയ ആക്ഷേപത്തിനുള്ള മറുപടിയല്ല പരാതിയെന്നും സി എൻ മോഹനൻ കൂട്ടിച്ചേർത്തു.
ദുബായിലും ഡൽഹിയിലും കൊച്ചിയിലും ഉള്ള ഓഫീസുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും സിപിഐഎം ആരോപിക്കുന്നു. അതേ സമയം നികുതി വെട്ടിച്ചിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.