നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും; മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം

 | 
mathew kuzhalnadan

തിരുവനന്തപുരം: നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന ആരോപണത്തിൽ കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി മോഹനൻ നൽകിയ പരാതിയിൽ അന്വേഷണം നടത്താനാണ് ശ്രമം. ദിവസങ്ങൾക്കുള്ളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും.

വക്കീൽ ഓഫീസ് വഴി മാത്യു കുഴൽനാടൻ കള്ളപ്പണം വെളുപ്പിച്ചു എന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്. വേറെയും ആക്ഷേപം ഉയർന്നിട്ടുണ്ട്. ചിന്നക്കനാലിൽ കെട്ടിടത്തിന് അനുമതി നേടിയെടുത്തതിലും ക്രമക്കേട് നടന്നുവെന്നാണ് പുതിയ ആക്ഷേപം. നിലവിൽ കെട്ടിടം ഉള്ളത് മറച്ചുവെച്ച് പുതിയ കെട്ടിടം പണിയാൻ അനുമതിക്ക് അപേക്ഷ നൽകിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനാണ് കഴിഞ്ഞ ദിവസം മാത്യു കുഴൽനാടനെതിരെ രം​ഗത്തുവന്നത്. മാത്യു കുഴൽനാടൻ ചിന്നക്കനാലിലെ ഭൂമിയും റിസോർട്ടും സ്വന്തമാക്കിയത് നികുതി വെട്ടിച്ചാണ്. 2021 മാർച്ച് 18ന് രജിസ്റ്റർ ചെയ്ത ആധാരത്തിൽ 1.92 കോടി രൂപയാണ് വില കാണിച്ചത്. പിറ്റേ ദിവസം നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും വെട്ടിച്ചു. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. മൂവാറ്റുപുഴയിൽ മണ്ഡലത്തിൽ നിന്നുള്ളവർ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ ആക്ഷേപം ഉന്നയിച്ചതുകൊണ്ടല്ല ഇപ്പോൾ ഈ വിഷയം ഉന്നയിക്കുന്നത്. അമേരിക്കൻ പ്രസിഡന്റിനെ ഒഴികെ എല്ലാവർക്കെതിരെയും ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടുള്ള ആളാണ് മാത്യു കുഴൽനാടൻ. അതുകൊണ്ട് പുതിയ ആക്ഷേപത്തിനുള്ള മറുപടിയല്ല പരാതിയെന്നും സി എൻ മോഹനൻ കൂട്ടിച്ചേർത്തു.

താൻ നികുതി വെട്ടിച്ചിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ പ്രതികരിച്ചത്.