ടെലിപ്രോംപ്റ്റര്‍ പണിമുടക്കി; പ്രസംഗം തുടരാനാവാതെ പ്രധാനമന്ത്രി, ട്രോള്‍

 | 
Modi Teleprompter

അന്താരാഷ്ട്ര ഉച്ചകോടിയില്‍ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ നിലച്ചതോടെ തപ്പിത്തടഞ്ഞ് പ്രധാനമന്ത്രി. ദാവോസ് ലോക ഇക്കണോമിക് ഉച്ചകോടിയില്‍ ഓണ്‍ലൈനായി പ്രസംഗിക്കുന്നതിനിടെയാണ് പ്രോംപ്റ്റര്‍ ചതിച്ചത്. ഇതോടെ സംസാരം തുടരാന്‍ സാധിക്കാതെ വന്നതോടെ ഇവിടെ സംസാരിക്കുന്നത് അവിടെ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോയെന്ന് രണ്ടു തവണ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. കേള്‍ക്കാമെന്ന് പ്രതികരണം ലഭിക്കുന്നുണ്ടെങ്കിലും പ്രസംഗം തുടരാന്‍ നരേന്ദ്രമോദിക്ക് സാധിക്കുന്നില്ല.

തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. 5 ദിവസം നീളുന്ന ഉച്ചകോടിയുടെ ആദ്യ ദിവസമായിരുന്നു മോദിയുടെ പ്രസംഗം. നിരവധി രാജ്യത്തലവന്‍മാര്‍ പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. ഇതോടെ സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. രാജ്യവിരുദ്ധനായ ടെലിപ്രോംപ്റ്റര്‍ എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതിന്റെ കാരണം ഇതാണെന്നും ചിലര്‍ കണ്ടെത്തുന്നു. 

പ്രോംപ്റ്റര്‍ പ്രവര്‍ത്തിപ്പിച്ചവര്‍ക്കെതിരെ യുഎപിഎ ചുമത്തുമോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. രാഹുല്‍ ഗാന്ധിയും മോദിയെ പരിഹസിച്ച് രംഗത്തെത്തി. ഇത്രയും നുണകള്‍ പറയാന്‍ ടെലിപ്രോംപ്റ്ററിനും കഴിയില്ലെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 

വീഡിയോ കാണാം