തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം
ഭരണസ്തംഭനം ആരോപിച്ച് പ്രതിപക്ഷ കക്ഷികളായ സിപിഎമ്മും കോൺഗ്രസും ബിജെപിക്കെതിരെ പ്രതിഷേധിച്ചതോടെ കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ സംഘർഷം. യുഡിഎഫ് അംഗങ്ങൾ റജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിച്ചത് വിദ്യാഭ്യാസ–കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ തടഞ്ഞു. യുഡിഎഫ് കൗൺസിലറും പാർലമെന്ററി പാർട്ടി നേതാവുമായ കെ.എസ്. ശബരീനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ സംഘർഷമുണ്ടായി. ഉദയന്റെ ഷർട്ട് കീറിയതായി ബിജെപി ആരോപിച്ചു. വനിതാ അംഗങ്ങളെ ബിജെപി അംഗങ്ങൾ കയ്യേറ്റം ചെയ്തതായി യുഡിഎഫും ആരോപിച്ചു. കൗൺസിൽ 5 മിനിട്ടുകൊണ്ട് അവസാനിച്ചു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരുക്കേറ്റ സിപിഎം കൗൺസിലർമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീൽചെയറിലാണ് കൗൺസിൽ യോഗത്തിനെത്തിയത്.
‘മേയർ ക്രിഞ്ച് കോമഡി പങ്കുവയ്ക്കുന്നത് കേട്ടു; പറയാതിരിക്കാൻ വയ്യ, നല്ല ബോറായിട്ടുണ്ട്’: രാജേഷിന് മറുപടിയുമായി ശബരീനാഥൻ
ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ.സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫും യുഡിഎഫും തുടക്കം മുതൽ പ്രതിഷേധം ആരംഭിച്ചിരുന്നു. മേയർ വി.വി.രാജേഷ് സീറ്റിലെത്തിയതോടെ പ്രതിഷേധം ശക്തമായി. സിപിഎം മെഡിക്കൽ കോളജ് കൗൺസിലർ സിന്ധു, കാട്ടായിക്കോണം കൗൺസിലർ സിന്ധുശശി അണമുഖം കൗൺസിലർ വീണ എന്നിവരെ ആംബുലൻലസിൽ കോർപറേഷൻ വളപ്പിൽ എത്തിച്ചു. അതിനുശേഷം വീൽ ചെയറിൽ ഹാളിലേക്ക് ഇവരെ എത്തിച്ചപ്പോൾ ബഹളം ശക്തമായി. പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളിച്ചു. ബിജെപി പ്രവർത്തകരും പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ബഹളം ശക്തമായതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മേയർ വി.വി.രാജേഷ് കൗൺസിൽ യോഗം അവസാനിപ്പിച്ചു.
