താലിബാൻ കാബൂളിന് അരികെ. കൂടുതൽ നഗരങ്ങൾ നിയന്ത്രണത്തിൽ
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ താലിബാൻ നിയന്ത്രണത്തിലെത്താൻ ഇനി അധികദൂരം ഇല്ല. രാജ്യത്തിന്റെ ഏറെക്കുറെ ഭാഗങ്ങളും കൈക്കലാക്കിയ താലിബാന് ഇനി കാബൂൾ ആണ് ലക്ഷ്യം. അഫ്‌ഗാൻ സൈന്യത്തിന്റെ ചെറുത്തുനിൽപ്പിന്റെ ശക്തിയും കുറയുമ്പോൾ കാബൂളും അധിക ദിനം പിടിച്ചു നിൽക്കില്ല എന്നാണ് മനസിലാക്കുന്നത്.
താലിബാൻ കാണ്ഡഹാറും ഹെറാത്തും പിടിച്ചു. ഇപ്പോൾ രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ നഗരങ്ങൾ അവരുടെ പിടിയിൽ ആയി. കാബൂളിന് നേർക്ക് ശക്തമായ ആക്രമണം ഉണ്ടാകും എന്ന ഭയവും അന്തരീക്ഷത്തിൽ ഉണ്ട്. മറ്റ് പ്രദേശങ്ങളിലും ആളുകൾ പാലായനം ചെയ്യുകയോ വീടുകളിൽ ഒളിച്ചിരിക്കുകയോ ആണ്.
അമേരിക്കൻ സൈനീക പിന്മാറ്റത്തോടെ ആണ് താലിബാൻ കൂടുതൽ കരുത്തോടെ രാജ്യം പിടിക്കുന്നത്. പല സ്ഥലങ്ങളും ഏറ്റുമുട്ടൽ കൂടി ഒഴിവാക്കി അഫ്‌ഗാൻ സൈന്യം വിട്ടുകൊടുക്കുകയാണ്. തെക്കൻ മേഖലയിലെ സാമ്പത്തിക കേന്ദ്രം ആയ കാണ്ഡഹാറിൽ പോലും സൈന്യം വലിയ ചെറുത്തു നിൽപ്പ് നടത്തിയില്ല എന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
തങ്ങളുടെ പൗരൻമാരായ എംബസ്സി ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ അമേരിക്കയും ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും ശ്രമം തുടങ്ങി. അമേരിക്ക ഇതിനായി കൂടുതൽ പട്ടാളക്കാരെ അയച്ചു. എംബസ്സിയിൽ ഉള്ള നിർണ്ണായക രേഖകൾ കത്തിച്ചു കളയാൻ അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്.
കാബൂളിനെ ഉടൻ കീഴ്പ്പെടുത്താൻ കഴിയില്ലെങ്കിലും ഒറ്റപ്പെടാൻ താലിബാന് സാധിക്കുമെന്ന് പെന്റഗൻ വക്താവ് പറഞ്ഞു.